• 04935 210 201
  • thirunellytemple@gmail.com

വിളക്കുമാടം

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് മുഴുവനായും തെക്കുഭാഗത്ത് ഏതാണ്ട് തുടങ്ങിവച്ച് അപൂര്‍ണ്ണമായ നിലയിലും കാണുന്ന കരിങ്കല്ലുകൊണ്ടു നിര്‍മ്മിതമായ വിളക്കുമാടം തീര്‍ത്ഥാടകരെ അത്യധികം ആകര്‍ഷിക്കുന്ന ഒന്നാണ്. ആറടിയിലേറെ നീളമുള്ള കരിങ്കല്‍പ്പലകകള്‍ നിലത്തുവിരിച്ച് പഴയനിര്‍മ്മാണ രീതിയിലുള്ള കണക്കുകളനുസരിച്ച് കരിങ്കല്‍പ്പാളികള്‍ സിമന്റോ ചാന്തോ പോലും ഉപയോഗിക്കാതെയാണ് തറ തീര്‍ത്തിരിക്കുന്നത്. തറയ്ക്കു മുകളില്‍ ഒരാള്‍പ്പൊക്കത്തില്‍ ചിത്രാലംകൃതമായ സ്തൂപങ്ങള്‍. അവയ്ക്കു മുകളില്‍ മേല്‍ക്കൂരയായി കരിങ്കല്‍പ്പലകകള്‍ തന്നെ. വളരെ ആസൂത്രിതമായും ചിട്ടയോടെയുമാണ് ഈ ശില്‍പവേല തുടങ്ങിയതെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാവും. ഇത് അപൂര്‍ണ്ണമായിപ്പോവാന്‍ കാരണം നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കമാണത്രേ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരിക്കല്‍ കുടകിലെ രാജാവ് ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സ്വദേശത്തു നിന്നും തടിയും കല്ലും മറ്റു സാമഗ്രികളും കൊണ്ടുവന്നു പുതുക്കിപ്പണിയാന്‍ ആരംഭിച്ചു. എന്നാല്‍, ക്ഷേത്രത്തിന്റെ ഉടമയായ കോട്ടയത്ത് തമ്പുരാന്റെ അനുമതിയോ അറിവോ കൂടാതെയാണ് കുടകിലെ രാജാവ് ഈ പണികള്‍ ആരംഭിച്ചത്. ക്ഷുഭിതനായ കോട്ടയത്തു രാജാവ് കുടകുരാജാവിനെ ആ ഉദ്യമത്തില്‍ നിന്നും നിരോധിച്ചുകൊണ്ട് കല്‍പ്പനയിട്ടു. അതിനാല്‍ അദ്ദേഹം കൊണ്ടുവന്ന സാധന സാമഗ്രികളെല്ലാം അവിടെ ഉപേക്ഷിച്ചിട്ട് തിരിച്ചുപോയതായി പറയപ്പെടുന്നു. വ്രണിത ഹൃദയനായ മൈസൂര്‍ രാജാവ് തിരുനെല്ലി ക്ഷേത്രത്തിനും അല്‍പം അകലെയായി കുതിരക്കോട് എന്ന സ്ഥലത്ത് ലവകുശന്മാരുടെ ഒരു ക്ഷേത്രനിര്‍മ്മാണം തുടങ്ങി. തിരുനെല്ലിയിലെ പണിക്ക് ഉദ്ദേശിച്ച് കൊണ്ടുവന്നതായ കരിങ്കല്‍പ്പലകകളും മറ്റും ഉപയോഗിച്ച് അങ്ങേയറ്റം ചാരുതയോടെ നിര്‍മ്മാണം തുടങ്ങിയ പണി ഏതോ കാരണങ്ങളാല്‍ പൂര്‍ണ്ണമായില്ല. ഇന്നത്തെപ്പോലെ യാതൊരു സൗകര്യവുമില്ലാതിരുന്ന അക്കാലത്ത് ഇത്രയും വലിയ കരിങ്കല്‍പ്പലകളും മറ്റും മൈലുകള്‍ താണ്ടി ഇവിടെ എത്തിച്ചതിനു പിന്നിലെ മനുഷ്യ പ്രയത്നവും സാഹസികതയും അളവറ്റതായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.