• 04935 210 201
  • thirunellytemple@gmail.com

മതപഠനം

ഹിന്ദുമതം

ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന്‍ കണ്ടെത്തുക പ്രയാസമാണ്. മറ്റു മതങ്ങളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല. സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ് ഹിന്ദുമതം അഥവാ സനാതനധര്‍മ്മം. ചരിത്രകാരന്‍മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ് ഈ മതത്തിന്‍റെ ഉത്ഭവത്തിനായി നല്‍കുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാല്‍ ഹിന്ദുമതം വേദങ്ങള്‍ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവില്‍ ഉണ്ടായിരുന്നു എന്നാണ് മറ്റു ചില ചരിത്രകാരന്‍മാര്‍ പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്‍റെ ആദിമ രൂപത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവില്‍ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാല്‍ ഹിന്ദു മതവും യഥാര്‍ത്ഥത്തില്‍ ദ്രാവിഡ മതമാണെന്നാണ് അവര്‍ വാദിക്കുന്നത്. ആദിമ ഹാരപ്പന്‍ സംസ്കാരത്തിലെ നവീനശിലായുഗത്തിലാണ് ഭാരതത്തിലെ പ്രാചീനമതത്തെപ്പറ്റിയുള്ള അറിവുകള്‍ വിരല്‍ ചൂണ്ടൂന്നത്. പ്രാചീന യുഗത്തിലെ ആചാരങ്ങളേയും വിശ്വാസങ്ങളേയും പ്രാചീന വൈദികമതം എന്നാണ് അറിയപ്പെടുന്നത്. ആധുനിക ഹൈന്ദവത, വേദങ്ങളിലൂടെയാണ് രൂപപ്പെട്ടത്. ഇവയില്‍ ഏറ്റവും പഴക്കമുള്ളത് ഋഗ്വേദമാണ്. വേദങ്ങള്‍ ഇന്ദ്രന്‍, വരുണന്‍, അഗ്നി, സോമന്‍ മുതലായ ദേവതമാരുടെ ആരാധനയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. യജ്ഞം എന്ന നാമത്തില്‍ അഗ്നി അര്‍ച്ചനയും മന്ത്രോച്ചരണങ്ങളും നടത്തി വന്നു. എന്നിരുന്നാലും ക്ഷേത്രങ്ങളും ബിംബങ്ങളും നിര്‍മ്മിക്കപ്പെട്ടിരുന്നില്ല. പ്രധാന സംസ്കൃത ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ക്രോഡീകരിച്ചത് ക്രിസ്തുവിനു മുന്‍പുള്ള അവസാന ശതകങ്ങളും ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യ ശതകങ്ങളും ഉള്‍പ്പെടുന്ന ഒരു ദീര്‍ഘമായ കാലഘട്ടത്തിലാണ്. ഇതില്‍ പ്രധാനമായും പ്രാചീന ഭാരതത്തിലെ ഭരണാധികാരികളെയും യുദ്ധങ്ങളെയും പറ്റിയുള്ള ഐതിഹ്യകഥകളാണ് വിസ്തരിക്കുന്നത്. പിന്നീടുള്ള പുരാണങ്ങളില്‍ ദേവീ-ദേവന്‍മാരുടെ മാനുഷിക ബന്ധത്തിന്‍റെയും ദുഷ്ടനിഗ്രഹത്തിന്‍റേയും കഥകളാണ് പതിപാദിക്കുന്നത്.

ആരാധനയും ഈശ്വരനും

ആരാധനയുടെയും ഈശ്വര സങ്കല്‍പങ്ങളുടെയും അറിവിന്‍റെയും കാര്യത്തില്‍ ഹിന്ദുമതം ഒരു സാഗരതുല്യം വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും, സൈദ്ധാന്തികമായ വിപുലതയും ഉള്‍ക്കൊണ്ടിട്ടുണ്ട്. ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാ സമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങള്‍ ഹിന്ദുമതത്തില്‍ കാണാവുന്നതാണ്. ഇതില്‍ ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം, അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം, യോഗപദ്ധതി, സാംഖ്യം, താന്ത്രികാനുഷ്ഠാനം, ദേവതാ സമ്പ്രദായം, ബൗദ്ധം, ചാര്‍വ്വാകം തുടങ്ങിയ നിരീശ്വര തത്ത്വം വരെയുണ്ട്. ഇത്രയും വിപുലമായതു കൊണ്ടാണ് സര്‍വ്വ വൈദേശിക ആക്രമണങ്ങളേയും വിദേശമതങ്ങളുടെ കടന്നുകയറ്റത്തേയും അതിക്രമിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത്. ആയൂര്‍വേദം, ജ്യോതിഷം, വാസ്തുവിദ്യ, വേദഗണിതം, ഗണിത സമ്പ്രദായം തുടങ്ങിയവ ലോകത്തിനു ഹിന്ദുമതം നല്‍കിയ വിലപ്പെട്ട സംഭാവനകളാണ്.

ആര്‍ക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യമാണ്. ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തില്‍ ഹിന്ദുമതം നിര്‍വ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിര്‍ഗ്ഗുണവും സഗുണവുമാണ് . സൃഷ്ടി സഗുണബ്രഹ്മവും സൃഷ്ടിക്കു മുന്‍പുള്ള അവസ്ഥയില്‍ ബ്രഹ്മം നിര്‍ഗ്ഗുണവുമായിരുന്നു . അതിനാല്‍ പരബ്രഹ്മോപാസന, അപരബ്രഹ്മോപാസന എന്നിങ്ങനെ രണ്ടു തരത്തില്‍ ഈശ്വരനെ ആരാധിക്കാം. പരബ്രഹ്മത്തെ നിര്‍ഗ്ഗുണമായി ഉപാസിക്കുന്നവര്‍ അദ്വൈതം സ്വീകരിക്കുകയും ജീവാത്മാവും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്‍പനയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഈശ്വരനെ അറിയുക എന്ന ഒന്നില്ല, ഈശ്വരനായിത്തീരലേയുള്ളൂ എന്ന വിവേകാനന്ദസ്വാമികളുടെ വചനം ഇവിടെ ചിന്തനീയമാകുന്നു.

സഗുണബ്രഹ്മോപാസകര്‍ക്ക് ഏതെങ്കിലുമൊരു ഈശ്വരസ്വരൂപത്തെ ആരാധിക്കാം. ഇതനുസരിച്ച് കൃഷ്ണന്‍, ശിവന്‍, ദേവി, കാളി, സുബ്രഹ്മണ്യന്‍ തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും ഒരു ദേവതയെ തന്‍റെ ഇഷ്ടദൈവമായി കല്‍പ്പിച്ചാരാധിക്കാവുന്നതാണ്. ഈ ആരാധന താന്ത്രികരീതിയിലോ ഭക്തിപരമോ ആയിരിക്കും. രണ്ടു രീതിയിലുമുള്ള ആരാധനയില്‍ക്കൂടി ഭക്തന്‍ അഥവാ സാധകന്‍ തന്‍റെ ഇഷ്ടദേവതയെ സാക്ഷാല്‍ക്കരിക്കുന്നതായി ഹിന്ദുമതം പറയുന്നു. ഭക്തമീര, ശ്രീരാമകൃഷ്ണപരമഹംസര്‍ തുടങ്ങിയര്‍ ഈശ്വരനെ സഗുണമായി ആരാധിച്ചവരാകുന്നു. സഗുണോപാസന കാലക്രമേണ സാധകനില്‍ ശക്തിയാര്‍ജ്ജിക്കുകയും അത് അവസാനം നിര്‍ഗ്ഗുണമായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തില്‍ രൂപത്തിലാരാധിച്ച് അരൂപത്തിലെത്തുന്നതാണ് സഗുണോപാസന. ശ്രീരാമകൃഷ്ണപരമഹംസര്‍ ഇതിനൊരുദാഹരണമാണ്.

ഹരേരന്യ ദൈവം ന മന്യേ ന മന്യേ എന്ന ശങ്കരവാക്യം ഏകദൈവ വിശ്വാസത്തിന്‍റെ അടിത്തറയാണ്. വിഷ്ണു അല്ലാതെ മറ്റൊരു ദൈവം ഇല്ല, ശിവനല്ലാതെ മറ്റൊരു ദൈവമില്ല -തുടങ്ങി "ഒരു ദൈവത്തെ"- മാത്രം മുറുകെപ്പിച്ചു ആരാധിക്കുന്ന രീതിയുമുണ്ട്. ഈശ്വരാധനാ സമ്പ്രദായം ഇഷ്ടമല്ലാത്തവര്‍ക്കു യോഗമാര്‍ഗ്ഗം സ്വീകരിക്കാം. അഷ്ടാംഗയോഗമാര്‍ഗ്ഗം സ്വീകരിച്ച് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി - ഇവ പടിപടിയായി എത്തിച്ചേരാവുന്ന അവസ്ഥകളാണെന്നു യോഗസൂത്രം പറയുന്നുണ്ട്. ഇതാണ് യോഗത്തിലെ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍. സമാധി അവസ്ഥയിലെത്തിയ സാധകന്‍ ബ്രഹ്മജ്ഞാനം നേടുകയും ഈശ്വരനുമായി ഒന്നാവുകയും ചെയ്യുന്നു. ഇതാണ് ഒരു യോഗിയുടെ പരമമായ അവസ്ഥയെന്ന്‍ ഹിന്ദുമതം പറയുന്നു.

യോഗമാര്‍ഗ്ഗം ഇഷ്ടമല്ലാത്തവര്‍ക്കു ജ്ഞാനത്തിന്‍റെ പാത തിരഞ്ഞെടുക്കാം. സമഞ്ജസ ചിന്തകള്‍, ശാരീരിക നിയന്ത്രണം, തന്‍റെ യഥാര്‍ത്ഥമായ അവസ്ഥയെക്കുറിച്ചുള്ള നിരന്തര അന്വേഷണം - എന്നിവയിലൂടെ മനസ്സ് വികസിക്കുകയും ഒടുവില്‍ താന്‍ ശരീരമോ മനസ്സോ അല്ല പരമതത്വമായ പരമാത്മാവാണെന്നു അന്വേഷകന് ബോധ്യമാവുകയും ചെയ്യുന്നു. ഈ ഭാവത്തെ തത്വമസി ബോധം എന്ന്‍ പറയുന്നു. ഇവയും കൂടാതെ തന്ത്രയോഗം, വാശിയോഗം, വീരയോഗം, ശിവയോഗം തുടങ്ങിയ അനേകമനേകം യോഗപദ്ധതികള്‍‍ ഹിന്ദുമതത്തിലുണ്ട്.

ഇതിനെല്ലാത്തിനും അപ്പുറത്തായി നിരീശ്വരവാദത്തെയും ഹിന്ദുമതം ഉള്‍ക്കൊള്ളുന്നുവെന്നത് അതിന്‍റെ അതിവിശാലതയെ കാണിക്കുന്നു. ചാര്‍വ്വാകം, ബൗദ്ധം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ബുദ്ധമതം ഹിന്ദുമതത്തിന്‍റെ ഒരു ഭാഗമായി പണ്ഡിതര്‍ കരുതുന്നു. ഏതെല്ലാം ആരാധനാരീതി തിരഞ്ഞെടുത്താലും ധര്‍മ്മം എന്ന സാമൂഹികമര്യാദ കൈവിടരുതെന്നു ഹിന്ദുമതം നിഷ്കര്‍ഷിക്കുന്നു. അതിനാല്‍ സനാതനധര്‍മ്മം എന്നും അറിയപ്പെടുന്നു.

വിശ്വാസങ്ങളും ആചാരങ്ങളും

എല്ലാ മനുഷ്യര്‍ക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സര്‍വ്വേശ്വരനായ പരബ്രഹ്മത്തില്‍ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തില്‍ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാല്‍ പരബ്രഹ്മത്തില്‍ ലയിച്ചു ചേരുമെന്നും അല്ലെങ്കില്‍ മോക്ഷം കിട്ടുന്നത് വരെ പുനര്‍ജ്ജന്മമെടുക്കുമെന്നുമാണ് വിശ്വാസം. കര്‍മ്മം, ധ്യാനം (സന്യാസം) എന്നീ കര്‍മ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്‍മത്തിന്‍റെ ലക്ഷ്യം. എന്നാല്‍ വേദാന്തമല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകള്‍ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലര്‍ത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉദ്ബോധനങ്ങളില്‍ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളില്‍ നിന്നും വരുന്നതാണ്.

ഹിന്ദുമതം സമ്പൂര്‍ണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നല്‍കുന്നു. ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാല്‍ ഇത് എല്ലാ വിശ്വാസങ്ങളേയും ഉള്‍ക്കൊണ്ട് ഏകത്വത്തിന്‍ ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. അതിനാല്‍ ഹിന്ദുമതത്തില്‍ സ്വധര്‍മ്മപരിത്യാഗം, നാസ്തികത്വം, ദൈവദൂഷണം എന്നിവയില്ല. പ്രധാനമായ ഹൈന്ദവധാരകള്‍ ധര്‍മ്മം(വ്യക്തിയുടെ കര്‍ത്തവ്യങ്ങള്‍), സംസാരം (ജനനം, ജീവിതം, മരണം, പുനര്‍ജന്‍മം എന്നിങ്ങനെയുള്ള ചാക്രികം), കര്‍മ്മം (പ്രവൃത്തികളും അനുപ്രവൃത്തികളും), മോക്ഷം (സംസാരത്തില്‍ നിന്നുള്ള മോചനം), യോഗം(ആചാരാനുഷ്ഠാനങ്ങള്‍) എന്നിവയാണ്.

മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍

ഹിന്ദുമതവിശ്വാസങ്ങള്‍ പ്രകാരം മനുഷ്യജീവിതത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയൊക്കെയാണ്. ഇവയെ പുരുഷാര്‍ത്ഥങ്ങള്‍ എന്ന്‍ സുചിപ്പിക്കുന്നു.

പുരുഷാര്‍ത്ഥങ്ങള്‍
ധര്‍മ്മം (സ്വപ്രവൃത്തി), അര്‍ത്ഥം (സമ്പത്ത്), കാമം (ഇന്ദ്രിയസുഖം), മോക്ഷം (ജീവിതമോക്ഷം)

വേദാന്തം
ആത്മാവ്, പരബ്രഹ്മം, മുക്തി(മോക്ഷം)

പുണ്യഗ്രന്ഥങ്ങള്‍
ശ്രുതി, സ്മൃതി, ചതുര്‍വേദങ്ങള്‍, പുരാണങ്ങള്‍, ഭഗവദ് ഗീത

ഹിന്ദു തത്ത്വശാസ്ത്രം
പൂര്‍വ്വ മീമാംസ, യോഗ, ഉത്തര മീമാംസ, തന്ത്ര, ഭക്തി, നിരീശ്വരവാദം

മുഖ്യ ബിംബങ്ങളും ആശയങ്ങളും
കുലദേവത, അഹിംസ, പുണ്യം, ധര്‍മ്മം, കര്‍മ്മം, പുനര്‍ജ്ജന്‍മം, സ്വര്‍ഗ്ഗം, ആശ്രമങ്ങള്‍, തീര്‍ത്ഥാടനം, മന്ത്രവിധി, ഗുരുകുലം

വിഭാഗങ്ങള്‍
ഹിന്ദുമതത്തില്‍ പലതരത്തിലുള്ള വര്‍ഗ്ഗീകരണം സാധ്യമാണ്. ആരാധിക്കുന്ന ദൈവത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈന്ദവരെ പലതായി തിരിക്കാം.
വൈഷ്ണവര്‍, ശൈവര്‍, ശാക്തേയര്‍ (ശക്തിയെ ആരാധിക്കുന്നവര്‍), അദ്വൈതം
ജാതിയുടെ അടിസ്ഥാനത്തില്‍ (ചാതുര്‍വര്‍ണ്ണ്യത്തില്‍ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തില്‍ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.)
ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍

ഉദ്ധരണികള്‍
"ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്." (ജവഹര്‍ലാല്‍ നെഹ്രു)