• 04935 210 201
  • thirunellytemple@gmail.com

തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

പിതൃകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തലേദിവസം വരുന്നവര്‍ക്കായി

പിതൃകര്‍മ്മങ്ങള്‍ (പിണ്ഡം വയ്ക്കല്‍) ചെയ്യുവാന്‍ തലേദിവസം തന്നെ എത്തുന്നവര്‍ ആദ്യമായി ദേവസ്വം വഴിപാട് കൗണ്ടറില്‍ പണമടച്ച് കര്‍മ്മത്തിനു വേണ്ട രശീതികള്‍ വാങ്ങേണ്ടതാണ്. രശീത് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം മരണപ്പെട്ടവരുടെയല്ല, പ്രത്യുത കര്‍മ്മം ചെയ്യുന്ന വ്യക്തിയുടെ പേരിലാണ് രശീതി വാങ്ങേണ്ടത്. ഇതിന് "ഒരാള്‍പിണ്ഡം" എന്നു പറയുന്നു. ഒരാള്‍പിണ്ഡത്തിന് പണമടച്ചയാള്‍ക്ക് തന്റെ തറവാട്ടില്‍ താനറിഞ്ഞും അറിയാതെയും മരിച്ച പിതൃക്കള്‍ക്ക് മുഴുവനായും കര്‍മ്മങ്ങള്‍ നടത്താവുന്നതാണ്. തൃശ്ശിലേരി ക്ഷേത്രത്തില്‍ വിളക്കുമാല വഴിപാടുള്‍പ്പടെയുള്ള പണമാണ് തിരുനെല്ലി ക്ഷേത്രത്തില്‍ രശീതായി നല്‍കുന്നത്.


ഇതു കൂടാതെ ഒരു വ്യക്തിയുടെ കൂടെ പുലബന്ധമുള്ള കുടുംബാംഗങ്ങള്‍ക്കും കൂടി ഒന്നിച്ചിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. ഇതിനെയാണ് കൂട്ടുപിണ്ഡം എന്നു പറയുന്നത്. ഇപ്രകാരം കൂട്ടുപിണ്ഡം നടത്തുമ്പോള്‍ പ്രധാന വ്യക്തിയും (തറവാട്ടുകാരണവര്‍) കൂടെയുള്ള ഓരോ ആളും തൃശ്ശിലേരി ക്ഷേത്രത്തിലേക്കുള്ള വിളക്കുമാലയ്ക്കും ഉള്‍പ്പടെയുള്ള തുക പ്രത്യേകമായി അടയ്ക്കേണ്ടതാണ്.


മുകളില്‍ പറഞ്ഞ പ്രകാരം രശീതി വാങ്ങിക്കഴിഞ്ഞാല്‍ സന്ധ്യാസമയത്ത് ദേഹശുദ്ധി വരുത്തി ക്ഷേത്രനടയില്‍ നില്‍ക്കണം. ദീപാരാധന കഴിഞ്ഞയുടനേ അവിടെ വച്ച് വാദ്ധ്യാര്‍ (പുരോഹിതന്‍) കര്‍മ്മം ചെയ്യുന്നവര്‍ക്കായി പ്രാര്‍ത്ഥന (സത്യവാചകം) ചൊല്ലിത്തരുന്നതാണ്. ഭഗവാനെ തൊഴുതുനിന്ന് പ്രാര്‍ത്ഥനയേറ്റു ചൊല്ലിയശേഷം ദണ്ഡനമസ്കാരം നടത്തി ആചാരപ്രകാരം ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിക്കേണ്ടതാണ്. ഇതോടെ തലേദിവസത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. അടുത്ത ദിവസം പുലര്‍കാലത്ത് 6 മണിക്ക് കുളിയ്ക്കുന്നതിനു മുന്‍പായി ക്ഷേത്രനടയില്‍ എത്തി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ രശീതി കാണിച്ച് ബലിസാധനവും ദര്‍ഭയും വാങ്ങേണ്ടതാണ്.


ഇനി കര്‍മ്മം ചെയ്യുവാനായി പാപനാശിനിയിലേക്ക് പോകാവുന്നതാണ്. പാപനാശിനിയിലേക്കു പോകുമ്പോള്‍ കര്‍മ്മം ചെയ്യുന്നതിനുള്ള രശീതിയും ബലിസാധനവും പ്രതിമ (ആള്‍രൂപം) കൊണ്ടുവന്നിട്ടുള്ളവര്‍ അതും കൂടി കൂടെ കൊണ്ടു പോകേണ്ടതാണ്.


പ്രതിമ ഇല്ലാതെ കര്‍മ്മം നടത്തുന്നവര്‍ക്ക് പ്രതിമയോടനുബന്ധിച്ചുള്ള മേല്‍ക്കാര്യങ്ങള്‍ ബാധകമല്ല. പിതൃകര്‍മ്മം ചെയ്യുന്നവര്‍ വ്രതാനുഷ്ഠാനം എടുക്കേണ്ടതാണ്.