പാപനാശിനി
ബ്രഹ്മഗിരിയില്‍ നിന്നെവിടെയോ ഉത്ഭവിച്ച് പാറക്കെട്ടുകള്‍ക്കിടയിലൂടെ പേരറിയാത്ത ഒട്ടനവധി വൃക്ഷങ്ങളുടെ വേരുകളേയും ഇലകളേയും തഴുകിയെത്തുന്ന ഔഷധഗുണമുള്ള പാപനാശിനി മനുഷ്യന്റെ പാപത്തെ കഴുകിക്കളഞ്ഞ് അവനെ മോക്ഷത്തിലേക്ക് നയിക്കുന്ന പുണ്യതീര്‍ത്ഥമാണ്. ക്ഷേത്രസ്ഥാനത്തു നിന്നും പടിഞ്ഞാറുഭാഗത്തായി നിര്‍മ്മിച്ച കരിങ്കല്‍പ്പടവുകളിലൂടെ താഴോട്ടിറങ്ങി മലഞ്ചെരുവിലൂടെ ഏകദേശം ഒരു ഫര്‍ലോംഗ് ദൂരം നടന്നാല്‍ കാനന മദ്ധ്യത്തില്‍ പാപനാശിനി കാണാവുന്നതാണ്. കാശിയിലെ പുണ്യനദിയായ ഗംഗാനദിയെപ്പോലെ തെക്കന്‍ കാശിയായ തിരുനെല്ലിയിലെ ഗംഗാനദിയായ പാപനാശിനിയില്‍ മുങ്ങിക്കുളിച്ചാല്‍ സകല പാപങ്ങള്‍ക്കും പരിഹാരമായെന്നും ഇവിടെ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ പരേതാത്മാക്കള്‍ സ്വര്‍ഗ്ഗം പ്രാപിക്കുമെന്നും ഹൈന്ദവര്‍ തീവ്രമായി വിശ്വസിച്ചുവരുന്നു. അന്തര്‍വാഹിനിയായ സരസ്വതി ഇവിടെ ഗംഗയുമായി സംഗമിച്ച് പാപനാശിനിയായി ഭവിക്കുന്നു എന്നാണ് കവിവാക്യം. പാലാഴിമഥനം കഴിഞ്ഞ് മഹാവിഷ്ണുവില് നിന്നും ലഭിച്ച അമൃത് ഗരുഢന്‍ പക്ഷിപാതാളത്തില്‍ സൂക്ഷിച്ചുവെന്നും അവിടെനിന്നും ഉല്‍ഭവിക്കുന്ന അമൃതാംശം പാപനാശിനിയില്‍ കലര്‍ന്ന് ഗംഗാതീര്‍ത്ഥവുമായി ചേരുന്നുവെന്നും ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്. "പിതരോയാതി നിര്‍വൃതി" (പിതൃക്കളെ മോക്ഷത്തിലേക്കു നയിക്കുന്നു) എന്നാണ്. "പാപനാശിനി ധാരായാം ദക്ഷിണേധസ്ഥലേശില" എന്നതുകൊണ്ട് താഴെ തെക്കുഭാഗത്ത് ഇന്നും ഭക്തര്‍ ബലിയിടുന്ന ശില ഇതുതന്നെയാണെന്നു വ്യക്തം. ഇവിടെ ശ്രാദ്ധമൂട്ടിയാല്‍ ഗയാശ്രാദ്ധത്തിന്റെ ഫലം കിട്ടുമെന്നു കരുതുന്നു. ഇവിടെ വച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിയ്ക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ബഹുവിശേഷമെന്ന് വിശ്വസിച്ചു വരുന്നു. ഇവിടെ ബലിയിട്ടാല്‍ പിന്നെ പിതൃനന്മയ്ക്കുവേണ്ടി മറ്റു കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നാണ് ആചാര്യമതം.
പാപനാശിനിയിലാണ് വിഖ്യാതമായ പിണ്ഡപ്പാറയുള്ളത്. പാപനാശിനിയിലെ വെള്ളം പിണ്ഡപ്പാറയില്‍ വന്നുവീഴുന്നു. മരിച്ചവര്‍ക്കായി പിണ്ഡം വയ്ക്കുന്നത് പിണ്ഡപ്പാറയിലാണ്. ഈ പിണ്ഡപ്പാറയെപ്പറ്റി പ്രസിദ്ധമായ ഒരു ഐതീഹ്യമുണ്ട്. പാഷാണഭേദി എന്നു പേരായ ഒരു അസുരനെ മഹാവിഷ്ണു ഒരിക്കല്‍ ശപിക്കാനിടയായി. വിഷ്ണുവിനാല്‍ നിഗ്രഹിക്കപ്പെടുമെന്ന് തീര്‍ച്ചയായ പാഷാണഭേദിയുടെ അപേക്ഷ മാനിച്ചു മഹാവിഷ്ണു അവനെ പുണ്യശിലയാക്കിയെന്നും തിരുനെല്ലി മുതല്‍ ഗയ വരെയുള്ള ശിലാഖണ്ഡം ഈ അസുരന്റെ ശരീരമാണെന്നും ഐതീഹ്യമുണ്ട്. ശിരസ്സ് ഗയയിലും മദ്ധ്യഭാഗം ഗോദാവരിയിലും പാദം തിരുനെല്ലിയിലും. ഏഴ് പുണ്യതീര്‍ത്ഥങ്ങളായ പാപനാശിനി, പഞ്ചതീര്‍ത്ഥം, ഋണമോചിനീ തീര്‍ത്ഥം, ഗുണ്ഡികാ തീര്‍ത്ഥം, സതവിന്ദു, സഹസ്രവിന്ദം, വരാഹം എന്നിവ സംയുക്തമായി സമ്മേളിക്കുന്ന തിരുനെല്ലി ദേശത്ത് പാപനാശിനിക്കാണ് മറ്റ് ആറു തീര്‍ത്ഥങ്ങളേക്കാളും പ്രാധാന്യം കല്പ്പിച്ചു പോരുന്നത്. ജമദഗ്നി മഹര്‍ഷി, പരശുരാമന്, ശ്രീരാമന് തുടങ്ങി പല ശ്രേഷ്ഠന്മാരും, ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വന്നു കര്‍മ്മങ്ങള്‍ നടത്തിയതായി വിശ്വസിക്കപ്പെടുന്നു.