• 04935 210 201
  • thirunellytemple@gmail.com

പക്ഷിപാതാളം - ബ്രഹ്മഗിരി

നാല് വന്മലകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രമാണ് ശ്രീ തിരുനെല്ലി ക്ഷേത്രം. വടക്ക് ബ്രഹ്മഗിരി, തെക്ക് നരിനിരങ്ങി, കിഴക്ക് ഉദയഗിരി, പടിഞ്ഞാറ് കരിമല. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ഈ മല നിരകള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മലയായ ബ്രഹ്മഗിരി അനേകം ഐതീഹ്യങ്ങളുടെ കലവറയാണ്. ബ്രഹ്മഗിരിയുടെ പടിഞ്ഞാറെ അറ്റത്തായി കാണപ്പെടുന്ന ഗുഹയാണ് പക്ഷിപാതാളം. പാലാഴിമഥനം കഴിഞ്ഞ് മഹാവിഷ്ണുവില്‍ നിന്നും ലഭിച്ച അമൃത് ഗരുഢന്‍ പക്ഷിപാതാളത്തില്‍ സൂക്ഷിച്ചുവെന്നും ഗരുഢന്‍ അമൃതം സൂക്ഷിച്ചിരുന്ന സ്ഥലമായതിനാല്‍ പക്ഷിപാതാളമെന്നും, സനകാദിമഹര്‍ഷികള്‍ തപസ്സുചെയ്ത സ്ഥലമായതിനാല്‍ ഋഷിപാതാളമെന്നും ഈ ഗുഹ അറിയപ്പെടുന്നു. പക്ഷിപാതാളത്തില്‍ നിന്നും ഉത്ഭവിക്കുന്ന അമൃത് പാപനാശിനിയില്‍ ഗംഗാതീര്‍ത്ഥവുമായി കൂടിച്ചേരുമെന്നും അതിനാലാണ് അത് 'പാപനാശിനി' എന്ന പേരില്‍ അറിയപ്പെടുത് എന്നാണ് വിശ്വാസം. ഇതിനെപ്പറ്റി ഗരുഢപുരാണത്തിലും മറ്റും പറയുന്നണ്ടത്രേ. ഈ ഗുഹക്ക് പ്രവേശന വഴി ഒന്നാണെങ്കിലും അകത്ത് കടന്നാല്‍ വിശാലമായ കുറച്ചു ഭാഗവും അതില്‍ നിന്നും കുറെ കൈവഴികളും കാണാം. ഗുഹാമാര്‍ഗ്ഗം അല്‍പ്പം ഇറങ്ങിച്ചെന്നാല്‍ ഒരു നീരുറവയും അതിനടുത്തായി ഒരു ശിവലിംഗ പ്രതിഷ്ഠയും കാണാം. ഇത് സപ്തര്‍ഷികള്‍ ആരാധിച്ചിരുന്ന ശിവലിംഗമാണെന്നു പറയപ്പെടുന്നു. മേല്‍പ്പറഞ്ഞ നീരുറവയുള്ള സ്ഥലം ഒരു തൊട്ടിലിന്‍റെ ആകൃതിയില്‍ ആയതിനാലാകാം ഇതിനെ തൊട്ടില്‍ തീര്‍ത്ഥം എന്നും പറഞ്ഞു വരുന്നു.

പക്ഷി പാതാളത്തിനടുത്തായി ഗരുഢന്‍ വിശ്രമിച്ചിരുന്ന വലിയ പാറയെ ഗരുഢപ്പാറ എന്നാണ് അറിയപ്പെടുന്നത്. പക്ഷി പാതാളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഗരുഢപ്പാറ ഏകദേശം ഒരു പക്ഷിയുടെ ആകൃതിയിലാണെന്നു കാണാം. ഈ പാറയുടെ കഴുത്തിനു ചുറ്റും കുങ്കുമനിറം കാണുന്നു. ഇവിടെ കൈവിരല്‍ കൊണ്ട് തേച്ചുനോക്കിയാല്‍ കൈയില്‍ ഈ നിറം പുരളുകയും നമുക്ക് നെറ്റിയില്‍ തൊടുവാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ ചുരണ്ടിനോക്കിയാല്‍ കിട്ടുകയില്ല താനും. ഈ പാറയുടെ ചില ഭാഗങ്ങളില്‍ നിന്നും കന്മദം ഒഴുകുമെന്നു ചില ആദിവാസി വൃദ്ധന്മാര്‍ പറയുന്നു. അവര്‍ ഇത് ഔഷധമായി എടുക്കാറുണ്ടത്രേ.