• 04935 210 201
  • thirunellytemple@gmail.com

തിരുനെല്ലി ക്ഷേത്ര ചരിത്രം

ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ഇവിടെ പൊതുവെ ജനസാന്ദ്രത കുറവാണ്. ജനസംഖ്യയില്‍ അധികവും ആദിവാസികളാണ്. പതിനാറാം ശതകം വരെയും തിരുനെല്ലി കേരളത്തിലെ സമ്പന്നമായ പട്ടണങ്ങളില്‍ ഒന്നായിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്. ചേര രാജാവായ ഭാസ്കര രവിവര്‍മ്മയുടെ കാലത്ത് തിരുനെല്ലി ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണവും തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു. പുതുമഴ പെയ്തു കഴിഞ്ഞാല്‍ പന്ത്രണ്ടു രാശികള്‍ കൊത്തിയ രാശിപ്പൊന്ന് അടുത്ത കാലം വരെയും ഇവിടെനിന്നും കിട്ടിയിരുന്നതായി പഴമക്കാര്‍ പറയുന്നു. ഈ രാശിപ്പൊന്ന് കച്ചവടത്തിന്ന് ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന പാപനാശിനിയിലൂടെ പണ്ട് ധാരാളം ഓട്ടുവിളക്കുകളും കിണ്ടികളും ഒഴുകി വന്നിരുന്നു. ഒരിക്കല്‍ ഗണപതിയുടെ കരിങ്കല്‍ വിഗ്രഹവും ഒഴുകിയെത്തി. അതിന്നും പാപനാശിനി പ്രദേശത്തു കാണാം. ബ്രഹ്മഗിരി കയറി പക്ഷിപാതാളത്തിലേക്ക് യാത്രചെയ്യുന്നവര്‍ ഒരു വലിയ ഗ്രാമത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നമുക്കറിയുവാന്‍ കഴിയാത്ത ഏതെല്ലാമോ നിഗൂഢതകള്‍ ചൂഴ്ന്നു നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പണ്ട് പാപനാശിനി ഗ്രാമം, പഞ്ചതീര്‍ത്ഥഗ്രാമം എന്നീ പേരുകളില്‍ രണ്ടു ഗ്രാമങ്ങള്‍ നിലനിന്നിരുന്നുവത്രേ. ഈ രണ്ടു ഗ്രാമങ്ങളും അജ്ഞാതമായ കാരണങ്ങളാൽ പില്‍ക്കാലത്തു നാമാവശേഷമായി. പഞ്ചതീര്‍ത്ഥഗ്രാമത്തിലെ ആളുകള്‍ മാനന്തവാടിക്കടുത്ത് പൈങ്ങാട്ടിരി ഗ്രാമത്തിലേക്ക് താമസം മാറ്റിയതായും ആ കുടുംബത്തിലെ തലമുറയില്‍പ്പെട്ടവര്‍ ഇന്നും അവിടെ ഉണ്ടെന്നും കരുതുന്നു.

വയനാടിന്‍റെ ഉത്തരദേശത്ത് കുടക് മലനിരകളോടു ചേര്‍ന്ന് ആകാശം മുട്ടെ വ്യാപിച്ചുകിടക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വരയില്‍ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മാനന്തവാടിയാണ് തിരുനെല്ലിയുടെ ഏറ്റവും അടുത്തുള്ള ടൌൺ. ഇവിടെ നിന്നും തിരുനെല്ലിയിലേക്കുള്ള ദൂരം 32 കിലോമീറ്ററാണ്. ഈ റൂട്ടില്‍ ധാരാളം ബസ് സര്‍വീസുകള്‍ ഇന്ന് നിലവിലുണ്ട്. മൈസൂരിലേക്ക് പോകുന്ന പാതയില്‍ കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ പിന്നെ ക്ഷേത്രത്തിലേക്കുള്ള യാത്ര നിക്ഷിപ്ത വനപ്രദേശങ്ങളിലൂടെയായി. ഇടതൂര്‍ന്നു റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും കാട്ടാനകളെ കാണാം. ഇരുണ്ടുകിടക്കുന്ന വഴിത്താരകള്‍ താണ്ടിയാല്‍ അപ്പപ്പാറ എന്ന സ്ഥലം. തുടര്‍ന്ന് തിരുനെല്ലി പോലീസ് സ്റ്റേഷന്‍, ഫോറസ്ററ് ഡിപ്പാര്‍ട്ടുമെന്റിന്റെ ബംഗ്ളാവ്, ഒടുവില്‍ ബ്രഹ്മഗിരിയുടെ തണലില്‍ സ്ഥിതി ചെയ്യുന്ന പുരാണപ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം. കാറ്റു മാത്രം കടന്നു ചെല്ലുന്ന വനഭൂമിക്ക് നടുവില്‍ ഏതു കാലത്തെന്നു പറയുവാന്‍ കഴിയാത്തത്രയും പഴക്കമാര്‍ന്ന ഭാരതത്തിലെ പുണ്യ ക്ഷേത്രങ്ങളിലൊന്ന്.

ഇവിടെ സ്ഥിതിയുടെ കര്‍ത്താവായ മഹാവിഷ്ണുവിന്റേയും, സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്റെയും ചൈതന്യധാരകളും, പ്രകൃതിയുടെ മനോഹാരിതയും ഒത്തുചേര്‍ന്നു പരിലസിക്കുന്നു. ഈ പുണ്യഭൂമിയിലാണ് മോക്ഷദായിനിയായി പാപനാശിനിയൊഴുകുന്നത്. ജമദഗ്നി മഹര്‍ഷി തൊട്ട് എത്രയോ പുണ്യാത്മാക്കള്‍ക്ക് മോക്ഷ സോപാനശിലയായ, വിശ്രുതമായ പിണ്ഡപ്പാറയുള്ളത് പാപനാശിനിയിലാണ്. ബ്രഹ്മഗിരിയിലെവിടെയോ പാപനാശിനി പിറവിയെടുക്കുന്നു. പാപനാശിനി കാളിന്ദിയിലാണ് ലയിക്കുന്നത്. ബ്രഹ്‌മാവിന്റെ പാദസ്പര്‍ശാനുഗ്രഹം സിദ്ധിച്ചതില്‍ ബ്രഹ്മഗിരി എന്ന പേരില്‍ ഈ പര്‍വതനിര പ്രസിദ്ധമായി. ബ്രഹ്മഗിരിയിലെ ദുര്‍ഗ്ഗമമായ വനാന്തരങ്ങളില്‍ പക്ഷിപാതാളം, ഗരുഡപ്പാറ, ഭൂതത്താന്‍കുന്ന്, തുടങ്ങിയ സ്ഥലങ്ങള്‍ സാഹസികരെ ആകര്‍ഷിക്കുന്നു. ഇതാണ് തിരുനെല്ലി. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും വിളങ്ങിനില്‍ക്കുന്ന പുണ്യഭൂമി.