• 04935 210 201
  • thirunellytemple@gmail.com

വിശേഷ ദിവസങ്ങള്‍

തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Apr 20, 2018 06:00 am

വാവു ബലി

കാശിയും ഗയയും ഹരിദ്വാറും കഴിഞ്ഞാല്‍ പിതൃകര്‍മ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് തെക്കന്‍കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലിയിലെ പാപനാശിനി. മരണാനന്തരം ആത്മാവ് വിഷ്ണു പാദത്തിലാണ് സായൂജ്യം ചേരേണ്ടതെന്നും, ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിതമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ചെയ്യുന്ന പിതൃകര്‍മ്മത്തോളം ഗുണം വേറൊന്നിനില്ല എതാണു ദൃഢമായ ഹൈന്ദവ വിശ്വാസം. ഈ പ്രാധാന്യം മനസിലാക്കിയാണ് ജമദഗ്നി മഹര്‍ഷി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങി പല മുനിശ്രേഷ്ഠന്മാരും ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വാവു ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തിയത് എന്നുമാണ് പറയപ്പെടുന്നത്. ഇവിടെവെച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ബഹുവിശേഷമെന്നുമാണ് വിശ്വാസം. പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണമാണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര്‍ വന്നത്. ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസത്തിലാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം അല്ലെങ്കില്‍ ആണ്ട് ബലി എന്നും ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ബഹുദ്ദിഷ്ട ശ്രാദ്ധം എന്നും പറയുന്നു. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസിയാണ്. അതുകൊണ്ട് തന്നെ ബഹുദ്ദിഷ്ട ശ്രാദ്ധം വാവുബലി എന്നും അറിയപ്പെടുന്നു. പൊതുവെ ഏറ്റവും തിരക്കനുഭവപ്പെടാറുള്ളത് കര്‍ക്കിടകം, തുലാം, കുംഭം, മേടം മാസങ്ങളിലെ അമാവാസികള്‍ക്കാണ്.ഒരു ചന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും, കറുത്തപക്ഷം പകലുമാണ്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്‍കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണ്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കിടക മാസത്തിലെ അമാവാസി. തദ്ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്ന വേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഓരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലിക്ക് മറ്റ് അമാവാസികളേക്കാള്‍ പ്രാധാന്യമേറുന്നത്.

Apr 14, 2018 04:00 am

വിഷു ആഘോഷം

തെക്കന്‍കാശിയെന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവമാണ് വിഷു. ഈ മഹാക്ഷേത്രത്തെക്കുറിച്ചോര്‍ ത്താല്‍ത്തന്നെ ഗയാശ്രാദ്ധം ഊട്ടിയ ഫലമാണെന്നാണ് ഐതീഹ്യം. അപ്പോള്‍ കണിയായി പെരുമാളെ ദര്‍ശ്ശിക്കാന്‍ കഴിഞ്ഞാലുള്ള ഭാഗ്യം പറയേണ്ടതില്ലല്ലൊ! അത്രയ്ക്കും പ്രധാനമാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ വിഷുക്കണി. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. രാവും പകലും തുല്യമായ ദിനമാണ് മേടം1. നരകാസുരനെ വധിച്ച് ഭഗവാന്‍ ശ്രീകൃഷണന്‍ ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിച്ച ദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. മേടമാസത്തിന് മുന്‍പ് തന്നെ തിരുനെല്ലിക്കാട് മുഴുവന്‍ കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കും. തിരുനെല്ലി മുഴുവന്‍ പൊന്‍നിറം ചാലിച്ച് കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത് വിഷുവിന്‍റെ നിറസാന്നിദ്ധ്യമാണ്. വയനാട്ടില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വിഷുക്കണി ദര്‍ശിക്കാന്‍ ആളുകള്‍ എത്തിചേരാറുണ്ട്. തിരുനെല്ലിയിലെ വിഷു ഉത്സവത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട തേന്‍കുറുമര്‍ (കാട്ടുനായ്ക്ക-പ്രാക്തന ഗോത്രവര്‍ഗ്ഗം) വിഭാഗത്തിന്‍റെ കോല്‍ക്കളി. ഗോത്രത്തിന്‍റെയും നാടിന്‍റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി വഴിപാടായാണ് തേന്‍കുറുമര്‍ കോല്‍ക്കളി നടത്തുത്. വിഷുവിനു തലേദിവസമാണ് കോല്‍ക്കളി ക്ഷേത്രമുറ്റത്ത് നടക്കാറുള്ളത്. 10 മുതല്‍ 12 പേരാണ് ഓരോ സംഘത്തിലും ഉണ്ടാകാറ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെയും ചിട്ടയായ പരിശീലനത്തിന്‍റെയും പൂര്‍ണ്ണത നമുക്ക് അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഈ ക്ഷേത്രം എത്രത്തോളം ആദിവാസി വിഭാഗവുമായും പഴമയുമായും ബന്ധപ്പെട്ടുകിടക്കുന്നുവെന്നുള്ളതിന് ഇതിലും വലിയ മറ്റൊരുദാഹരണം വെറെയില്ല. തിരുനെല്ലി എന്ന നാമോച്ചാരണത്താല്‍ ധര്‍മ്മം ലഭിക്കുമെന്നും ദര്‍ശനത്താല്‍ ധനവും പൂജനത്താല്‍ ആഗ്രഹവും കൈവരും എന്നാണ് വിശ്വാസം. ധ്യാനത്താല്‍ മോക്ഷമാണ് ലഭിക്കുക. കൊടുംപാപങ്ങള്‍ ചെയ്ത ഏത് മനുഷ്യരും ക്ഷേത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പാപവിമുക്തനായി സംസാരമോഹത്തില്‍ നിന്നും മോചിതനാവുമെന്നും പറയപ്പെടുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുന്നതിനു മുന്‍പ് തിരുനെല്ലിയില്‍ ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങിയോ എന്ന് ചോദിക്കുന്ന ഒരു ചടങ്ങ് ഇന്നും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരുനെല്ലി ക്ഷേത്രത്തില്‍ നേരത്തെ കൊടിയേറ്റുത്സവം ഉണ്ടായിരുന്നു എന്നു വ്യക്തമാണ്.

Apr 10, 2018 07:24 am

പ്രതിഷ്ഠാ ദിനം: മീന മാസത്തിലെ അശ്വതി നക്ഷത്രം

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ കൊല്ലവര്‍ഷം 1186 മീനമാസത്തില്‍ നടന്ന പുന:പ്രതിഷ്ഠാ നവീകരണകലശത്തിനു ശേഷം ഇപ്പോള്‍ മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം കൊണ്ടാടുന്നത്. പ്രാസാദശുദ്ധി, അസ്ത്ര കലശം, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, വാസ്തു പുണ്യാഹം, ചതശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലാശാഭിഷേകങ്ങള്‍, ദ്രവ്യകലശം, അധിവാസ ഹോമം, കലശാധിവാസം, അധിവാസം വിടര്‍ത്തി പൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടുകൂടി മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് 3 ദിവസത്തെ പ്രതിഷ്ഠാദിനം അവസാനിക്കുന്നത്.

Apr 10, 2018 06:00 am

വൃശ്ചികത്തിലെ തൃക്കാര്‍ത്തിക

ഗുണ്ഡിക ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് വൃശ്ചിക മാസത്തിലെ കാര്‍ത്തിക അല്ലെങ്കില്‍ തൃക്കാര്‍ത്തിക. ഭഗവാന്‍ സുബ്രഹ്മണ്യന്‍റെ ജന്മദിനമായ ഈ ദിവസം ദീപങ്ങളുടെ ഉത്സവമായാണ് നാം ആഘോഷിക്കുന്നത്. ശ്രീമഹാദേവന്‍ തന്‍റെ മൂന്നാം തൃക്കണ്ണാല്‍ സൃഷ്ടിച്ച ആറു നക്ഷത്രങ്ങളില്‍ നിന്ന് ശ്രീപാര്‍വ്വതി ദേവി സൃഷ്ടിച്ച പുത്രനാണ് ശ്രീ സുബ്രഹ്മണ്യന്‍ എന്നാണ് വിശ്വാസം. ഈ ആറു നക്ഷത്ര കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം എന്നറിയപ്പെടുന്നത്. ഈ ദിവസം ഗുണ്ഡിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും കന്യകമാരുടെ നേതൃത്വത്തില്‍ സന്ധ്യാസമയത്ത് മണ്‍ചിരാതുകളിലും മറ്റും ദീപങ്ങള്‍ തെളിയിക്കാറുമുണ്ട്.

Apr 7, 2018 06:00 pm

ധനുമാസത്തിലെ തിരുവാതിര

ശ്രീ മഹാദേവന്‍റെ സ്ഥാനമായ ഗുണ്ഡിക ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ധനു മാസത്തിലെ തിരുവാതിര. ഭഗവാന്‍റെ ജന്മദിനമായ ഈ ദിവസം ഗുണ്ഡികാക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും മറ്റും നടത്താറുണ്ട്. സമീപവാസികളായ സ്ത്രീകളും കുട്ടികളും പ്രത്യേകിച്ച് കന്യകമാര്‍ ഈദിവസം സന്ധ്യാദീപം തെളിയിക്കാന്‍ എത്തിച്ചേരാറുണ്ട്. ദീപാലംകൃതമായ ഗുണ്ഡികക്ഷേത്രം കാണാന്‍ തന്നെ നല്ല രസമാണ്.