• 04935 210 201
  • thirunellytemple@gmail.com

ഉപക്ഷേത്രങ്ങള്‍

ആകൊല്ലി അമ്മക്കാവ്, അപ്പപ്പാറ

ശ്രീ തിരുനെല്ലി ക്ഷേത്രത്തിന് ഏറ്റവും അടുത്ത് കിടക്കുന്ന ഉപക്ഷേത്രമാണ് ആകൊല്ലി അമ്മക്കാവ്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിക്കു പിന്നില്‍ രസകരമായ ഒരു ഐതീഹ്യമുണ്ട്. സന്താനലബ്ധിക്കായി ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പണ്ട് മുതല്‍ക്കേ നടത്തിവരുന്ന ഒരു വഴിപാടാണ് 'തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍'. കുട്ടികളില്ലാത്ത ദമ്പതികള്‍ സത്സന്താനങ്ങള്‍ക്കായി ക്ഷേത്രനടയില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയാണിത്. ഒരിക്കല്‍ തിരുനെല്ലിയുടെ അടുത്ത പ്രദേശമായ കുടകില്‍ (തെക്കന്‍ കര്‍ണ്ണാടകയുടെ ഭാഗം) നിന്നും ഒരു സ്ത്രീ ക്ഷേത്രത്തില്‍ എത്തുകയും സന്താനലബ്ധിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രാര്‍ത്ഥനാവേളയില്‍ ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, കുട്ടി ഉണ്ടായാല്‍ പെരുമാള്‍ക്ക് സമര്‍പ്പിക്കാം എന്നായിരുന്നത്രേ പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥിച്ച പ്രകാരം അവര്‍ക്ക് കുട്ടിയെ ലഭിക്കുകയും കുട്ടിയുമായി തിരുനെല്ലി ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങുകയും ചെയ്തു. എന്നാല്‍ ഭഗവാന്‍റെ ദര്‍ശനത്തോടെ ആ കുട്ടി മരണപ്പെടുകയും കുട്ടിയുടെ ആത്മാവ് ഭഗവാനില്‍ ലയിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തോടെ ആ സ്ത്രീയുടെ സമനില തെറ്റുകയും ക്ഷേത്രത്തില്‍ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ പ്രേതാത്മാവ് ശല്യമാവുകയും കുപിതനായ ഭഗവാന്‍ അതിനെ തിരുനെല്ലിയില്‍ നിന്നും എടുത്തെറിയുകയും ചെയ്തു. അത് ചെന്നുവീണ സ്ഥലത്താണ് ഇന്ന് അമ്മക്കാവ് സ്ഥിതിചെയ്യുന്നത്. അവിടെ ചെന്നുവീണതിനു ശേഷം ആ പ്രേതം അവിടുത്തെ ജനങ്ങള്‍ക്ക് ശല്യമായി മാറുകയും ആറ് പേരെ വധിക്കുകയും ചെയ്തു. ആറുപേരെ വധിച്ചതിനാല്‍ ആ സ്ഥലം ആറാളെക്കൊല്ലി എന്നറിയപ്പെട്ടുവെന്നും പിന്നീടത് ലോപിച്ച് ആക്കൊല്ലി എന്നായെന്നും ഐതീഹ്യം. ക്രോധം ശമിക്കാത്ത ആ പ്രേതാത്മാവിനെ ശ്രീ ഭദ്രകാളിയില്‍ ലയിപ്പിച്ച് അമ്മയായി അവിടെ കുടിയിരുത്തുകയും അതിന്‍റെ അപേക്ഷ പ്രകാരം പെരുമാള്‍ക്കും ശിവനും അടുത്തടുത്തായി സ്ഥാനം നല്‍കുകയും ചെയ്തു. രൗദ്ര ഭാവത്തിലുള്ള ആ ദേവിക്ക് രൗദ്രത കുറയ്ക്കുതിനായി തൊട്ടുമുന്‍പില്‍ ശ്രീ അയ്യപ്പനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

തെനവരമ്പത്ത് ഭഗവതി - ശിവ ക്ഷേത്രം

വയനാട് ജില്ലയില്‍ മീനങ്ങാടിക്കടുത്തുളള ചെമ്മണം കുഴിയിലാണ് തെനവരമ്പത്ത് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു കുന്നിന്മുകളില്‍ സ്വയംഭൂവായ ശിവനും കൂടാതെ ശ്രീരാമനും, ഗണപതിയും, അയ്യപ്പനും, നന്ദിയും. തൊട്ടടുത്ത് മുന്നൂറ് മീറ്റര്‍ മാറി മറ്റൊരു കുന്നില്‍ ശ്രീസ്വയംവര പാര്‍വതിയും ഭദ്രകാളിയും വനദുര്‍ഗ്ഗയും സ്ഥിതി ചെയ്യുന്നു. അതും ഒറ്റ ശ്രീകോവിലിലായി. അതിന് പുറമെ ആദിവാസികള്‍ ആരാധിക്കുന്ന ഗുളികന്‍ ചാമുണ്ഡിയും ഇവിടെയുണ്ട്. അതിപുരാതനമാണ് ഇൗ ക്ഷേത്രം. മനു മഹര്‍ഷിയുമായി ബന്ധപ്പെട്ടാണ് ഇൗ ക്ഷേത്രത്തിന്റെ ഐതീഹ്യം. ദേശാടന വേളയില്‍ മനു മഹര്‍ഷി ഇവിടെ വന്നപ്പോള്‍ ഒരു കുന്നില്‍ കണ്ടത് സ്വയംഭൂവായ ശിവനെയാണ്. മറുകുന്നില്‍ ഭദ്രകാളിയും, വനദുര്‍ഗ്ഗയും. പാര്‍വതി ദേവിയുടെ സാന്നിദ്ധ്യം മഹര്‍ഷിക്ക് മനസ്സിലായി. ഇതേ തുടര്‍ന്നാണ് പാര്‍വതിദേവിയുടെ പ്രതിഷ്ഠ ഇവിടെ ഉണ്ടായതെന്നാണ് ഹൈന്ദവ വിശ്വാസം. വടക്കോട്ട് മുഖമായുളളതാണ് ഇൗ ക്ഷേത്രം. പൗരാണികതയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമിവിടെക്കാണാം. ഇവിടെ വന്ന് തൊഴുതാല്‍ ഏത് ആഗ്രഹവും കൈവരിക്കാം എന്നൊരു വിശ്വാസവുമുണ്ട്. ഭഗവതി ക്ഷേത്രത്തില്‍ നിവേദ്യം പാകം ചെയ്ത് കിഴക്ക് ദര്‍ശനമായുളള കാളകണ്ഠ സ്വയംഭൂശിവന് നിവേദിച്ചതിന് ശേഷം മാത്രമെ പാര്‍വതിദേവിക്കും മറ്റ് ദേവതകള്‍ക്കും നിവേദ്യം അര്‍പ്പിക്കാറുളളു. ഇവിടെ പൂജാകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലത്തിനും ഉണ്ട് പ്രത്യേകത. തെനഗംഗ എന്നറിയപ്പെടുന്ന തീര്‍ത്ഥ ജലമാണ് പൂജകള്‍ക്ക് ഉപയോഗിക്കുന്നത്. വയലില്‍ ഒരു കുളമുണ്ട്. അതിനോട് ചേര്‍ന്ന് ഒരു മീറ്റര്‍ ചതുരത്തില്‍ കല്‍പ്പാളികള്‍ കാെണ്ട് തീര്‍ത്ത കുഴിയില്‍ നിന്നാണ് തെനഗംഗ തീര്‍ത്ഥജലം എടുക്കുന്നത്. കുളത്തില്‍ ചെളിവെളളമാണെങ്കിലും കുഴിയിലെ തീര്‍ത്ഥം തെളിനീരാണ്. അത്ഭുതമാണിത്. കുളക്കരയില്‍ ഒരു ആല്‍മരമുണ്ട്. അതിന് ചുവട്ടിലെ നാഗപ്രതിഷ്ഠ ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം. തെനകതിര്‍ ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു. അത് കൊണ്ടാണ് തെനവരമ്പത്ത് എന്ന പേര്ഉണ്ടായതെന്നാണ് വിശ്വാസം. ഇവിടെ നിത്യപൂജയുണ്ട്. പുഷ്പാഞ്ജലി, പായസനിവേദ്യം, നാഗത്തിന് പാലും പഴവും, ഗുളികന്‍ ചാമുണ്ഡിക്ക് തേങ്ങയും പഴവും എന്നിവയാണ് പ്രധാന വഴിപാടുകള്‍. ഒരു കാലത്ത് ഇവിടെ കുളിച്ച് തൊഴല്‍ പ്രധാന വഴിപാടായിരുന്നു.

വിശേഷ ദിവസങ്ങള്‍
ശിവക്ഷേത്രത്തില്‍ ധനുമാസത്തില്‍ തിരുവാതിര , ശിവരാത്രി
മിഥുനമാസത്തിലെ ചോതി നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനം
ഓണം,വിഷു, തുലാം പത്ത്- ഭഗവതിക്ഷേത്രത്തില്‍ വൃശ്ചിക മാസത്തില്‍ രണ്ടാം (2) തീയതിയും ധനുമാസത്തില്‍ പതിനൊന്നാം (11) തീയതിയും ചുറ്റുവിളക്കും തൃകാല പൂജയും

മേച്ചിലാട്ട് ശ്രീ കൃഷ്ണ ക്ഷേത്രം തരുവണ

വയനാട്ടില്‍ മാനന്തവാടി നിരവില്‍പുഴ റോഡില്‍ തരുവണയ്ക്കടുത്ത കരിങ്ങാരിയിലാണ് മേച്ചിലാട്ട് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ് ഇൗ ക്ഷേത്രം. ശ്രീ വില്ല്വമംഗലം സ്വാമിയാര്‍ക്ക് ഉണ്ടായ സ്വപ്നദര്‍ശനത്തെ തുടര്‍ന്നാണ് കൃഷ്ണശിലയില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ശില്‍പ്പചാതുര്യം നിറഞ്ഞുനില്‍ക്കുന്ന അതിമനോഹരവും അതേപോലെ ചൈതന്യമുളളതുമാണ് ഇവിടെയുളള ശ്രീകൃഷ്ണ വിഗ്രഹം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകതയാണിത്. ഉണ്ണികൃഷ്ണന്‍ തന്റെ ചെറുപ്പകാലത്ത് കാലി മേച്ച് നടന്ന മേച്ചില്‍ക്കാടാണ് മേച്ചിലാട്ട് എന്നായതെന്നാണ് വിശ്വാസം. മാത്രമല്ല, കണ്ണന്റെ കാല്‍പ്പാദവും കാലികളുടെ കുളമ്പടിയും ഇന്നുമിവിടെക്കാണാം. ആനച്ചിറ എന്നൊരു ചിറയും ഇവിടെയുണ്ട്. ആന കല്ലായി മാറിയതും ഇവിടെക്കാണാം. കൃഷ്ണന്റെ കോപത്താല്‍ ആന കല്ലായി മാറിയെന്നാണ് ഐതീഹ്യം. എന്നാലിന്ന് ആനച്ചിറയും ആനപ്പാറയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണുളളത്. തെക്കന്‍ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ മേച്ചിലാട്ട് ശ്രീകൃഷ്ണന് പാല്‍പ്പായസം കഴിപ്പിക്കാറുണ്ട്. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ തിരുവോണമൂട്ടും നടത്താറുണ്ട്.

വെണ്ടോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
(ചീരാല്‍-വയനാട്- 673595 ഫോണ്‍: 04936262100 , 9447354599,9497495263)

ആധുനികതയുടനൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഇൗ ക്ഷേത്രത്തിന്. തിരുനെല്ലി പെരുമാളിന്റെ നിറസാന്നിദ്ധ്യം ഇവിടെ കുടി കൊളളുന്നു. പൂര്‍ണ്ണമായും ശിലയാല്‍ തീര്‍ത്തതാണ് ക്ഷേത്ര ശ്രീകോവിലും നമസ്ക്കാര മണ്ഡപവും. ചീരാലിലെ വേണ്ടോലില്‍ നിന്ന് ഒരു സ്ത്രീ വിഷുക്കണി ദര്‍ശനത്തിനായി എല്ലാ വര്‍ഷവും പതിവായി തിരുനെല്ലിയില്‍ എത്തിയിരുന്നു. അതും കൊടും വനത്തിലൂടെ നടന്ന്. ഭഗവാനുളള കാഴ്ചദ്രവ്യമായി മുളങ്കുറ്റിയില്‍ നിറച്ച നെയ്യുമായിട്ടായിരുന്നു യാത്ര. കാലമേറെക്കടന്നപ്പോള്‍ പ്രായാധിക്യവും ക്ഷീണവും കാരണം പണ്ടത്തെപ്പോലെ യാത്ര വയ്യെന്നായി. എങ്കിലും ഭഗവാനെ തൊഴാതിരിക്കാന്‍ മനസ് വന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും ഭഗവാനെ മനസില്‍ ധ്യാനിച്ച് യാത്ര തുടര്‍ന്നു. വെണ്ടേക്കും ആല്‍മരവും ഉളള സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ തളര്‍ന്ന് വീണു. അപ്പോഴും നിറഞ്ഞ ഭക്തിയായിരുന്നു മനസില്‍ നിറയെ. ഭക്തയുടെ നിറഞ്ഞ ഭക്തിക്ക് മുന്നില്‍ തിരുനെല്ലി പെരുമാളിന് മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ത്തന്നെ പ്രത്യക്ഷനാവുകയും ഇനിമുതല്‍ ഇത്രയേറെ കഷ്ടതകള്‍ സഹിച്ച് അത്രടം വരേണ്ടതില്ലെന്നും ഇനിമുതല്‍ താന്‍ ഇവിടെത്തന്നെയുണ്ടാവുമെന്നും അരുള്‍ച്ചെയ്തു.​ വെണ്ടേക്കും ആല്‍മരവും ചേര്‍ന്ന സ്ഥലത്ത് ഭഗവാന്‍ കുടികൊണ്ടു. അങ്ങനെയാണ് ഇവിടെ ക്ഷേത്രം പണിയുന്നത്. പ്രദേശം വേണ്ടോല്‍ എന്നും അറിയപ്പെട്ടു. സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പഴൂര്‍ ജംഗ്ഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

പ്രധാന വഴിപാടുകള്‍
പാല്‍പ്പായസം, നെയ്വിളക്ക്, മംഗല്യസൂക്ത പുഷ്പാഞ്ജലി, വിദ്യാസൂക്ത പുഷ്പാഞ്ജലി, സല്‍സന്താനസൂക്ത പുഷ്പാഞ്ജലി, ഗണപതി ഹോമം, മണ്ഡലവിളക്ക്
പ്രതിഷ്ഠാദിന മഹോത്സവം മെയ് 29 മീനമാസത്തിലെ പൂരം നാള്‍ ഭഗവതിക്ക് പൊങ്കാല സമര്‍പ്പണം